കോഴിക്കോട് നിന്നും ബേങ്ക്ലൂരിലേക്ക് യാത്ര തുടങ്ങുമ്പോൾ നല്ല വെയിലായിരുന്നു. ചെറിയ ഒരു അസ്വസ്ഥതയോട് കൂടി തുടങ്ങിയെങ്കിലും, അല്പ ദൂരം കഴിഞ്ഞ് വയനാടൻ മലനിരകളെ തൊട്ടുരുമ്മി താമരശ്ശേരി ചുരം കയറാൻ തുടങ്ങിയതോടെ നല്ല തണുത്ത കാറ്റ് ശരീരത്തിനും മനസ്സിനും ഒരു പോലെ കുളിരേകാൻ തുടങ്ങി. ബസ്സിന്റെ ചില്ലു ജാലകത്തിനുള്ളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ മനസ്സിനു ഒരുപാട് ചെറുപ്പം അനുഭവപ്പെടുന്ന പോലെ. പച്ചപ്പട്ടണിഞ്ഞ മലനിരകളും... പാറക്കെട്ടുകളിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും..പിന്നെ താഴോട്ടു നോക്കിയാൽ സോപ്പ് പെട്ടികൾ ഒഴുകി വരുന്ന പോലെ മല കയറുന്ന വാഹനങ്ങളും... കുറച്ച് നേരത്തേക്കെങ്കിലും മറ്റൊരു ലോകത്ത് എത്തിയ പോലെ. ജനൽചില്ലിൽ തട്ടി തെറിച്ച മഴത്തുള്ളിയാണു എന്നെ സ്വപ്നത്തിൽ നിന്നുണർത്തിയത്. മഴ പെയ്യാൻ തുടങ്ങി. പിന്നെ എല്ലാവരും തന്റെ ജനൽച്ചില്ലുകൾ വലിച്ചടക്കുന്ന അരോചകമായ ശബ്ദം. മഴയുടെ ശക്തി കൂടിക്കൂടി വന്നു. മഴ ചില്ലിൽ സ്രിഷ്ടിച്ച പുകമറയിലൂടെ പുറത്തേക്ക് നോക്കിയാൽ ഒരു പച്ച തുരങ്കത്തിലൂടെ നാം അതിവേഗം സഞ്ചരിക്കുന്നതു പോലെ തോന്നും. ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. ജനൽ പാളികൾ തുറന്ന് പുറത്തേക്ക് തല നീട്ടി മഴ നനയുവാൻ വെമ്പുന്ന എന്റെ മനസ്സ് എന്നെ ഒരുപാട് വർഷം പുറകിലേക്ക് ആഞ്ഞു വലിക്കുന്നതു പോലെ. ചില്ലിലൂടെ ഊർന്നിറങ്ങിന്ന മഴത്തുള്ളികൾ അതിൽ ഒരുപാട് ഭംഗിയുള്ള ചിത്രങ്ങൾ വരക്കുന്നുണ്ടായിരുന്നു.. കൂടെ എന്റെ മനസ്സിലും. എന്റെ കൈകൾ ജനൽ ചില്ലുകളിലേക്ക് നീങ്ങി. വിരൽ കൊണ്ട് ചില്ലിൽ മെല്ലെ തുടക്കുമ്പോൾ..എനിക്ക് പുറത്തെ കാഴ്ച്ചകൾ വ്യക്ത്മായി തുടങ്ങി. വിരൽത്തുമ്പിലെ ആ തണുപ്പ് എനിക്കാകെ അനുഭവപ്പെടാൻ തുടങ്ങി. എനിക്കെന്തെന്നില്ലാത്ത ഒരു സന്തോഷം.
മഴയുടെ ശക്തി വീണ്ടും കൂടിക്കൂടി വന്നു. മുൻ വശത്തെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയാൽ നീണ്ടു നിവർന്നു കിടക്കുന്ന നനഞ്ഞ റോഡിലൂടെ ചിരിച്ചു കൊണ്ട്, വൈപ്പറിനാൽ "ഹായ്" പറഞ്ഞ് കടന്നു പോകുന്ന മറ്റു വാഹനങ്ങൾ നോക്കി ഇരിക്കാൻ നല്ല രസം തോന്നി. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് ഉള്ള യാത്രയാണതിന്നെന്നു എനിക്കൊരിക്കൽ പോലും തൊന്നിയില്ല, മറിച്ച് നല്ലൊരു വിനോദയാത്ര. തിരക്കിട്ട ജീവിതത്തിൽ വീണുകിട്ടുന്ന അപ്രതീക്ഷിതമായ ചില അപൂർവ്വ നിമിഷങ്ങൾ. ഒരുപാട് കാലത്തിനു ശേഷം എനിക്കും ആസ്വദിക്കാൻ കഴിഞ്ഞു....ഒരു മഴക്കാല യാത്ര..... # ഷിൽ#
The writer is a close friend and budding Malayalam writer A.K. Shiljith.
Shiljith's blog: http://akshiljith.blogspot.in/
Shiljith's blog: http://akshiljith.blogspot.in/
No comments:
Post a Comment