ഭാഗം 3 : ക്രിക്മേറ്റ്സ്
Padmashree Aanakkattu Kundil Shiljith |
ക്രിക്മേറ്റ്സ്... പേരു പോലെ തന്നെ കുറേ കിറുക്കന്മാരുടെ വലിയ ഒരു ലോകം. ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഞങ്ങളുടെ ലോകം. ഞായറാഴ്ച്ച വൈകുന്നേരമാകാൻ കാത്തിരുന്ന ഒരു കാലം. നൈറ്റ് ഡ്യൂട്ടി ആയിരുന്നെങ്കിൽ പോലും അലാറം വെക്കാതെ വൈകിട്ടു 3:30 നു എന്നെ ഉണർത്തി ഗ്രൗണ്ടിലേക്ക് തള്ളി വിട്ടിരുന്ന എന്റെ മനസ്സ്.. ഇന്നോർക്കുമ്പോൾ.. അതെ എനിക്ക് ശരിക്കും എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഒരുപാട് പേരുണ്ടായിരുന്നു.
ഉച്ച ഭക്ഷണം കഴിഞ്ഞു വീട്ടിൽ ഗസ്റ്റ് വരുന്നതിനുമുന്നേ ഗ്രൗണ്ടിൽ എത്തുന്ന സതീഷ് ഭായ്. (ചില കലാപരിപാടികളിൽ നിന്നും മുങ്ങാൻ സതീഷിന്റെ സ്ഥിരം നമ്പർ " വീട്ടിൽ ഗസ്റ്റ് ഉണ്ട്" ;) ) . മിക്കവാറും ആദ്യമെത്തുന്നത് അങ്ങേർ ആയിരിക്കും. അകത്തൊരു വെള്ള ഫുൾ സ്ലീവ് ബനിയനും പുറത്ത് മഞ്ഞയും കറുപ്പും വരച്ച ടീ ഷർട്ടും ഇട്ട് കളിക്കാൻ വരുന്ന ഞങ്ങടെ " ദ മോസ്റ്റ് അഗ്ഗ്രസ്സീവ് പ്ലയർ".
18 ബി യിൽ വെക്കാറുള്ള ബാറ്റും, സ്റ്റമ്പും, പന്തും എടുത്ത് ഞാനും, സൂരജും, വിപിനും പിന്നെ ദീപക്കും.
ഇന്റർനാഷണൽ മാച്ച് കളിക്കാനെന്ന മട്ടിൽ മാസ്കും തൊപ്പിയും കുറെ വെള്ളക്കുപ്പിക്കളും, പിന്നെ പഴയ ഒരു ബാറ്റ് ഇപ്പോഴും ഒരു കിറ്റിൽ ആക്കി തോളിൽ തൂക്കി ഗ്രൗണ്ടിൽ രംഗ പ്രവേശനം ചെയ്യുന്ന ജിഷ്ണു. എങ്ങോട്ടു പോകുമ്പോഴും അവൻ പോലും അറിയാതെ അവന്റെ വിരലിൽ തൂങ്ങി ആടുന്ന അവന്റെ കേമറ അപ്പോഴും കൂടെ ഉണ്ടാകും. ക്രിക്മേറ്റ്സ് ന്റെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ. ഞങ്ങൾക്കു ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ കേമറയോട് എത്ര നന്നി പറഞ്ഞാലും തീരില്ല :).
ഇനി കുറച്ചു നേരം മറ്റുള്ളവർക്കായുള്ള കാത്തിരിപ്പാകാം.
ഉച്ച മയക്കത്തിൽ നിന്ന് ഫോൺ ചെയ്ത് കിടക്കപ്പായിൽ നിന്നു എണീപ്പിച്ചാൽ "വേണമെങ്കിൽ അരമണിക്കൂർ മുന്നെ" ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന ജിത്തു ഭായ്.
കൂടെ ജീൻസും ഷൂസും ധരിച്ച് കല്യാണത്തിനു വരുന്ന പോലെ വരുന്ന അരക്കിറുക്കൻ ഷംസീർ ( ചില മാട്രിമോണി സൈറ്റുകളിൽ ഷംസീർ നായർ എന്നും അറിയപ്പെടും).
വളരെ നേരത്തെ തന്നെ ദെൽഹി വിട്ട പ്രദീപേട്ടനിൽ നിന്നും ക്യാപ്റ്റൻ പട്ടം വാങ്ങി തലയിൽ വച്ച ബിനോയ്. ബൈക്കിൽ നിന്നിറങ്ങി ഗ്രൗണ്ടിൽ എത്തിയാൽ ഒരു കൈ കൊണ്ട് തൊപ്പിയിൽ പിടിച്ച് മറു കൈ കൊണ്ട് അഭിസംബോദന ചെയ്യുന്ന ഞങ്ങ്ടെ ക്യാപ്റ്റൻ. ( ഈ തൊപ്പിയിൽ കൈ വെക്കുന്ന കാര്യം മറ്റാരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോന്നു അറിയില്ല)
കളി കഴിഞ്ഞാൽ പിന്നെ നമുക്കൊരു ചില്ലി പൊട്ടട്ടോ ആകാം ( ഉരുളക്കിഴങ്ങ് കൊള്ളി പോലെ സ്ലൈസ് ചെയ്തു, ഫ്രൈ ചെയ്തു സവാളയും റ്റൊമാറ്റൊ സോസും മിക്സ് ചെയ്തുള്ള ഒരു നോർത്ത് ഇന്ത്യൻ സ്നാക്ക്സ്). ഇതായിരുന്നു ക്രിക്മേറ്റ്സിന്റെ ഒഫീഷ്യൽ ഭക്ഷണം. കൂടെ കൂൾ ഡ്രിങ്ക്സും. മറ്റു ചിലപ്പോൾ കുളി കഴിഞ്ഞ് ഏതെങ്കിലും നല്ല റസ്റ്റോറന്റിൽ പോയ് ഒരു ഡിന്നർ.
എന്തൊക്കെ പറഞ്ഞാലും ഇന്നും, ഞങ്ങൾ എല്ലാവരും ഗ്രൗണ്ടിൽ ഇല്ലെങ്കിലും മൻസ്സിൽ മായാതെ സൂക്ഷിക്കുന്ന ഞങ്ങളുടെ ലോകം.." ലവ് യു ക്രിക്മേറ്റ്സ്"
(തുടരും)
No comments:
Post a Comment